ഞങ്ങളെ എന്തിന് തോല്‍പ്പിച്ചു? എല്ലാ സീറ്റും ബിജെപിക്ക് ലഭിച്ചു, എന്തായിരുന്നു ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്?; ഉത്തരബംഗാള്‍ ജനതയോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: എല്ലാ സീറ്റും ബിജെപിക്ക് ലഭിച്ചു. ഞാന്‍ ചോദിക്കട്ടെ എന്തായിരുന്നു ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്,’.. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരബംഗാള്‍ ബിജെപി കീഴടക്കിയതിന്റെ കാരണം ജനങ്ങളോട് ചോദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഉത്തരബംഗാളില്‍ ജല്‍പൈഗുരില്‍ റാലിയില്‍ പങ്കെടുത്തപ്പോഴാണ് മമത ജനങ്ങളോട് ഇക്കാര്യം ചോദിച്ചത്.2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും ലഭിക്കാതിരിക്കാന്‍ മാത്രം എന്ത് മോശമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഉത്തരബംഗാളിനോട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തതെന്നാണ് മമത ചോദിച്ചിരിക്കുന്നത്.

‘ ടിഎംസി ഉത്തരബംഗാളില്‍ ഒരൊറ്റ സീറ്റ് പോലും നേടിയില്ല. എല്ലാ സീറ്റും ബിജെപിക്ക് ലഭിച്ചു. ഞാന്‍ ചോദിക്കട്ടെ എന്തായിരുന്നു ഞങ്ങള്‍ക്ക് പറ്റിയ തെറ്റ്,’ മമത ബാനര്‍ജി ചോദിച്ചു. ‘പുറത്തു നിന്ന് വന്ന അവര്‍ എല്ലാ സീറ്റിലും വിജയിച്ചു. വെറും വെറുപ്പ് മാത്രം പടര്‍ത്തുന്ന അവര്‍ രാമകൃഷ്ണനോ, വിവേകാനന്ദനോ ഒന്നുമല്ലായിരുന്നു,’ മമത ബാനര്‍ജി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയായിരുന്ന ഉത്തരബംഗാള്‍ മേഖലയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബിജെപിയായിരുന്നു നേടിയത്. 2021 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരബംഗാളില്‍ ബിജെപിയോ തോല്‍പ്പിച്ച് വിജയം നേടുമെന്ന് ഉറപ്പാക്കണമെന്ന് ഉത്തരബംഗാള്‍ ടിഎംസി നേതാക്കളോട് ആഹ്വാനം ചെയ്തു.

ഉത്തരബംഗാള്‍ മേഖലയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയതാണ് മമത. തിങ്കളാഴ്ച മേഖലയിലെ ജല്‍പൈഗൂരിലും അലിപുര്‍ദ്വാറിലും പാര്‍ട്ടി നേതാക്കളുമായി മമത കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. 54 അസംബ്ലി സീറ്റുകളാണ് ഉത്തരബംഗാള്‍ മേഖലയിലുള്ളത്.

Exit mobile version