വിവാഹപ്രായം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കേന്ദ്രം; ഗുജറാത്തില്‍ 20 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം നടക്കുന്നത് 18 വയസ് തികയും മുന്‍പേ, പഠനം

Child Marriage | Bignewslive

ന്യൂഡല്‍ഹി : ഗുജറാത്തില്‍ 20ശതമാനം പെണ്‍കുട്ടികളും കല്യാണം കഴിക്കുന്നത് പതിനെട്ട് വയസ്സിന് മുന്നേയെന്ന് സര്‍വേ പഠനം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് നിയമപരമായി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, കല്യാണം കഴിച്ച 15നും 19നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 5.2ശതമാനവും പഠനം നടക്കുന്ന സമയം അമ്മമാരോ ഗര്‍ഭിണികളോ ആയിരുന്നു എന്നാണ്. ഗ്രാമങ്ങളില്‍ സ്ഥിതി ഇതിലും കഷ്ടമാണന്നൊണ് സര്‍വേയുടെ വിലയിരുത്തല്‍.ഇവിടെ 26.9 ശതമാനം പെണ്‍കുട്ടികളും 33.9ശതമാനം ആണ്‍കുട്ടികളും പതിനെട്ടിന് മുമ്പ് തന്നെ വിവാഹിതരാകുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 27ശതമാനം ആണ്‍കുട്ടികളാണ് വിവാഹപ്രായമെത്തുന്നതിന് മുന്നേ ഭര്‍ത്താക്കന്മാരാകുന്നത്.

കഴിഞ്ഞ മാസം നഴ്സിംഗ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തന്റെ വിവാഹം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചത് വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മുന്നേയായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭരണകൂടം ഇത്തരം നീക്കങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. സാംസ്‌കാരികവും മതപരവുമായ ഇടപെടലുകളാണ് ഇത്തരം വിവാഹങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നതിനാല്‍ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ അധികം കൈകടത്താറില്ല.

സ്ത്രീകള്‍ക്കായുള്ള അഭയം 181 ഹെല്‍പ്ലൈനിന്റെ ഉദ്യോഗസ്ഥര്‍ പറയുന്നത് 2017-19 കാലയളവില്‍ ബാലവിവാഹം നിര്‍ത്താലാക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന കോളുകളുടെ എണ്ണത്തില്‍ 90ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട് എന്നതാണ്. ഗുജറാത്ത് കൂടാതെ ബിഹാര്‍, വെസ്റ്റ് ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലും ബാലവിവാഹ നിരക്ക് കൂടുതലാണ്.

പ്രായം കൂടുന്തോറും സ്വന്തം ജാതിയില്‍ നിന്ന് ആലോചനയ്ക്ക് കുറവ് വരും എന്ന ഭയമാണ് മാതാപിതാക്കളെ അലട്ടുന്നതെന്ന് സോഷ്യോളജിസ്റ്റ് ഗൗരംഗ് ജനി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം 5,584 ഫോണ്‍കോളുകളാണ് ബാലവിവാഹം തടയണമെന്നാവശ്യപ്പെട്ട് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എത്തിയത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ പരാതികള്‍ എത്തിയതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാനുള്ള സാധ്യതയുണ്ടെന്ന ഒക്ടോബറില്‍ കേന്ദ്രനേതൃത്വം സൂചന നല്‍കിയിരുന്നു.

എന്നാല്‍ ഗുജറാത്ത് സിവില്‍ സൊസൈറ്റി ഇത് എതിര്‍ക്കുകയും വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ദൂഷ്യവശങ്ങള്‍ കാണിച്ച് മെമ്മോറാന്‍ഡം തയ്യാറാക്കി അധികാരികള്‍ക്ക് നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ വിവാഹം ചെയ്ത് അയപ്പിക്കുന്നതിന് പ്രധാന കാരണങ്ങള്‍ പട്ടിണിയും വിദ്യാഭാസത്തിനുള്ള സംവിധാനങ്ങളില്ലാത്തതുമാണെന്നും വിവാഹപ്രായം ഉയര്‍ത്തുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നുമാണ് മെമ്മോറാന്‍ഡത്തില്‍ പറയുന്നത്.

Exit mobile version