കൊവിഡ് വാക്‌സിന്‍ വിതരണം; മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍, പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

covid vaccine | big news live

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണന പട്ടികയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. അമ്പത് വയസില്‍ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ഉയര്‍ന്ന രക്തസമ്മര്‍ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം കാന്‍സറുകള്‍ എന്നിങ്ങനെ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുക.

നേരത്തേ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധത്തില്‍ മുന്‍നിരയിലുള്ള പോലീസുദ്യോഗസ്ഥര്‍, സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെയാണ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം അടുത്ത മാസം തന്നെ തുടങ്ങാനാകുമെന്ന പ്രതീക്ഷ നല്‍കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന ഓക്സ്ഫോര്‍ഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കുമെന്നും പുതുവത്സരത്തില്‍ തുടക്കത്തില്‍ തന്നെ വാക്സിന്‍ വിതരണം ആരംഭിക്കുമെന്നുമാണ് പൂനാവാല അറിയിച്ചിരിക്കുന്നത്.

Exit mobile version