എയിംസിലെ നഴ്‌സുമാരുടെ സമരം; നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

nurses protest | big news live

ന്യൂഡല്‍ഹി: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി എയിംസില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് അന്ത്യശാസനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ച് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


അതേസമയം ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌കരിച്ചാണ് നഴ്‌സുമാരുടെ സമരം.

ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുന്‍പ് മാനേജ്‌മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരം ആരംഭിച്ചത് എന്നാണ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞത്.


കഴിഞ്ഞ ദിവസമാണ് നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയ്ത. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ ഇത് തള്ളി.

Exit mobile version