മല്യയ്ക്കായുള്ള സുഖവാസ കേന്ദ്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണം..! ആര്‍തര്‍ റോഡ് ജയിലില്‍ ബാരക്ക് നമ്പര്‍ 12, കസബിനെ പാര്‍പ്പിച്ച അതീവ സുരക്ഷാ സെല്‍

മുംബൈ: 9000 കോടിയുമായി മുങ്ങി ഇന്ത്യന്‍ ജനതയെ കബളിപ്പിച്ച വിജയ് മല്യയെ വിട്ടുതരാന്‍ ലണ്ടന്‍ തയ്യാറായി. അതേസമയം വിവാദ നായകനെ വരവേല്‍ക്കാന്‍ എല്ലാ സജ്ജീകരണങ്ങളുെ ഒരുക്കിയിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലാണ് ഇനി മല്യയുടെ സുഖവാസകേന്ദ്രം.

നാടിനെ നടുക്കിയ മുബൈ ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്സിന്റെ താഴത്തെ നിലയിലാകും മല്യയുടെയും തടവുജീവിതം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെല്‍ നിര്‍മിതി.

മുഴുവന്‍ സമയ നിരീക്ഷണത്തിനു സിസിടിവി ക്യാമറകളുണ്ട്; അത്യാധുനിക ആയുധങ്ങളുമായി കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും. ബാരക്കിനോടു ചേര്‍ന്നുള്ള പ്രത്യേക ഡിസ്‌പെന്‍സറിയില്‍ 3 ഡോക്ടര്‍മാരുടെ സേവനം ലഭ്യം. കാറ്റും വെളിച്ചവും കടക്കുന്ന വിധം നിര്‍മിച്ച സെല്ലിനോടു ചേര്‍ന്ന് യൂറോപ്യന്‍ ക്ലോസറ്റ് ഉള്ള ശുചിമുറിയും അലക്കാനുള്ള സൗകര്യവുമുണ്ട്.

ജയിലിലെ മറ്റു ശുചിമുറികള്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ്. ഷീന ബോറ വധക്കേസിലെ പ്രതിയും സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയുമായ പീറ്റര്‍ മുഖര്‍ജി നിലവില്‍ ബാരക്ക് 12ല്‍ വിചാരണത്തടവുകാരനായുണ്ട്.

Exit mobile version