സ്റ്റൈല്‍ മന്നന് ഇന്ന് 70 ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ചെന്നൈ: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

കെ ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളില്‍ വില്ലനായിട്ടാണ് രജനിയുടെ അരങ്ങേറ്റം. കമലഹാസന്‍ ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷത്തിലാണ് താരം എത്തിയത്. പിന്നീട് ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി.


1990കളിലാണ് രജനികാന്തിന്റെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. 1991ല്‍ പുറത്തിറങ്ങിയ ‘ദളപതി’ സംവിധാനം ചെയ്തത് മണിരത്‌നം ആയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം മണിരത്‌നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജയ്ക്കും നേടിക്കൊടുത്ത ചിത്രം കൂടിയാണിത്.


1995ല്‍ പുറത്തിറങ്ങിയ ‘മുത്തു’ എന്ന ചിത്രം ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു. രജനിയുടെ ചിത്രത്തിലെ ഡയലോഗുകളും സ്‌റ്റൈലുകളും നിത്യജീവിതത്തിന്റെ ഭാഗമാക്കിയാണ് തമിഴര്‍ ആരാധന കാട്ടിയത്. ‘നാന്‍ ഒരു തടവ് സൊന്നാല്‍ നൂറ് തടവ് സൊന്ന മാതിരി’, ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവാന്‍’ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ഡയലോഗുകളാണ്.


2002ല്‍ പുറത്തിറങ്ങിയ ‘ബാബ’ ബോക്‌സോഫീസില്‍ തകര്‍ന്നു വീണതോടെ തമിഴകത്ത് രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്നാണ് എല്ലാവരും വിധിയെഴുതിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ‘ചന്ദ്രമുഖി’യിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പിന്നീട് അങ്ങോട്ട് യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറുമെല്ലാം രജനി ആരാധകരെക്കൊണ്ട് തീയ്യേറ്റര്‍ നിറച്ചു.


അതേസമയം ഈ മാസം 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സ്റ്റൈല്‍ മന്നന്‍ അറിയിച്ചിരിക്കുന്നത്. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് താരം പ്രഖ്യാപിച്ചത്. രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ തമിഴ്നാടും ദേശീയരാഷ്ട്രീയവും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Exit mobile version