‘കര്‍ഷകസമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനും’; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ

raosaheb danve | big news live

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. അതിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലീങ്ങളെയാണ് ആദ്യം അവര്‍ സ്വാധീനിച്ചത് എന്നാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്.

‘രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കര്‍ഷകരുടേയല്ല. അതിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലീങ്ങളെയാണ് അവര്‍ ആദ്യം സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ്ലീങ്ങള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ കര്‍ഷകരോട പറയുകയാണ് പുതിയ നിയമങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്’ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ചൈനയ്ക്കും പാകിസ്താനുമെതിരേ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.

അതേസമയം കര്‍ഷകരുടെ ക്ഷേമത്തിനാണ് കേന്ദ്രം പണം ചിലവിടുന്നതെന്നും ഇത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ഷകരുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഒരു തീരുമാനവും കര്‍ഷകര്‍ക്ക് എതിരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതുകാരണം ബിജെപി നേതാക്കള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേന ഇതിനെതിരെ പ്രതികരിച്ചത്. ‘മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതുകാരണം ബിജെപി നേതാക്കള്‍ക്ക് സമനില നഷ്ടമായിരിക്കുകയാണ്. അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല’ എന്നാണ് മുന്‍കേന്ദ്രമന്ത്രിയും ശിവസേനയുടെ വക്താവുമായ അരവിന്ദ് സാവന്ത് പറഞ്ഞത്.

Exit mobile version