ബുറെവിക്ക് പിന്നാലെ എത്തുന്ന ചുഴലിക്കാറ്റിന് പേര് അർണബ്; ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊള്ളും

Cyclone Arnab | weather news

ചെന്നൈ: തെക്കേഇന്ത്യയെ വിറപ്പിച്ച ബുറെവി ചുഴലിക്കാറ്റിന് പിന്നാലെ രാജ്യത്തെ ഭീതിയിലാക്കാൻ എത്തുന്ന ചുഴലിക്കാറ്റിന് പേര് അർണബ് എന്നായിരിക്കുമെന്ന് സൂചന. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടാൻ ഇടയുള്ള മറ്റൊരു ചുഴലിക്കാറ്റിന് പേരിടാനായി 13 രാജ്യങ്ങൾ 169 പേരുകൾ നിർദേശിച്ചെങ്കിലും ബംഗ്ലാദേശ് ഇട്ട അർണബ് എന്ന പേരിലേക്ക് അന്തിമ തീരുമാനം എത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. മാലിദ്വീപിൽ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണ് ബുറെവി. മാലിദ്വീപ് തന്നെയാണ് ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത്.

കനത്ത മഴയ്ക്ക് ഇടയാക്കിയ നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവി എത്തിയത്. പേർഷ്യൻ ഭാഷയിൽ വെളിച്ചം എന്ന് അർഥം വരുന്ന നിവാർ എന്ന പേര് ചുഴലിക്കാറ്റിന് നൽകിയത് ഇറാനാണ്.

മ്യാൻമാർ, ഇറാൻ, ഒമാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരുകൾ നിർദേശിച്ചിട്ടുള്ളത്. പുതിയ ചുഴലിക്കാറ്റുകളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.

ഫാനി, വായു, ബുൾബുൾ, ഹിക്ക, ഉംപുൻ, നിസർഗ, നിവാർ, ബുറെവി എന്നിവയാണ് അടുത്തിടെ രൂപംകൊണ്ട ചുഴലിക്കാറ്റുകൾ. ഈ പേരുകൾക്കൊപ്പമാണ് അർണബും ഇടംപിടിക്കുക. അതേസമയം, ചുഴലിക്കാറ്റുകൾക്ക് ഇന്ത്യ പേരുകൾ നൽകിത്തുടങ്ങിയത് 2004 ലാണ്. അഗ്‌നി എന്ന പേരാണ് ഇന്ത്യ ആദ്യമായി ഒരു ചുഴലിക്കാറ്റിന് നൽകിയത്.

Exit mobile version