ഫൈസര്‍ കൊവിഡ് വാക്‌സിന്‍; ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി

pfizer covid vaccine | big news live

ന്യൂഡല്‍ഹി: ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി കമ്പനി. രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി അപേക്ഷ നല്‍കിയിരിക്കുകയാണ്.

മരുന്ന് ഇറക്കുമതി ചെയ്യാനും രാജ്യത്ത് വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാക്സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.


കൊവിഡ് വൈറസ് പ്രതിരോധത്തില്‍ ലോകം ഉറ്റുനോക്കുന്ന വാക്‌സിനാണ് ഫൈസര്‍. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്സിന്‍ കൂടിയാണിത്. ബ്രിട്ടനും ബഹ്റൈനും ഇതിനോടകം ഫൈസറിന് അനുമതി നല്‍കി കഴിഞ്ഞു. അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ബുധനാഴ്ച ആണ് ബ്രിട്ടണ്‍ അനുമതി നല്‍കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനും അനുമതി നല്‍കിയത്.

അതേസമയം ഈ വാക്സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ രാജ്യത്ത് ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്സിനും ഓക്സ്ഫഡിന്റെ അസ്ട്രാസെനക വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

Exit mobile version