സമരം ചെയ്യുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് കേന്ദ്രമന്ത്രി; കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ എന്ന് ആം ആദ്മി

farmers protest | big news live

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വികെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ എന്നാണ് ആം ആദ്മിയുടെ ചോദ്യം.

‘കര്‍ഷകരാണെന്ന് തെളിയിക്കാന്‍ അവര്‍ കലപ്പയും കാളയേയും കൊണ്ടുവരണമായിരുന്നോ’ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്.

‘കര്‍ഷകരുടെ താല്‍പര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല’ എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വികെ സിങ് പറഞ്ഞത്.

അതേസമയം സമരം ചെയ്യുന്നവരില്‍ ഹരിയാനക്കാര്‍ ഇല്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞത്. പഞ്ചാബില്‍ നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹി കത്തിക്കാനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണം.

Exit mobile version