‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കണം’; ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് സന്യാസി, അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി

mahanth paramahmsa das | bignewslive

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ച് അയോധ്യയിലെ സന്യാസി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. തപസ്വി ചാവ്‌നിയിലെ മഹന്ത് പരംഹന്‍സ് ദാസ് എന്ന സന്യാസിയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

ഏഴ് ആവശ്യങ്ങള്‍ ആണ് മഹന്ത് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കും കൈമാറി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ കരിക്കുലങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയാണ് ലക്ഷ്യമെന്നും മഹന്ത് കത്തില്‍ പറയുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബറില്‍ മഹന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. എന്നാല്‍ ഇയാളുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയതോടെ പോലീസ് ബലമായി ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.

Exit mobile version