‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’; അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍

ramayan cruise service | big news live

ലഖ്നൗ: അയോധ്യയിലെ സരയു നദിയില്‍ ആഡംബര നൗക സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍. ‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. അയോധ്യയിലെ സരയു നദിയിലൂടെ ‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’ ഉടന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. സരയു നദിയിലെ ആദ്യ ആഡംബര നൗക സര്‍വീസ് ആയിരിക്കും ഇതെന്നും വിഷയവുമായി ബന്ധപ്പെട്ട യോഗത്തിനു ശേഷം മന്‍സുഖ് മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.

നൗകയില്‍ ആഡംബര സൗകര്യങ്ങള്‍ക്ക് പുറമെ രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കും. ‘രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാക്കും നൗകയുടെ ഉള്‍ഭാഗവും ബോര്‍ഡിങ് പോയിന്റും സജ്ജീകരിക്കുക. ഒന്നു മുതല്‍ ഒന്നര മണിക്കൂര്‍ വരെയായിരിക്കും സര്‍വീസിന്റെ ദൈര്‍ഘ്യം.

പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത നൗകയില്‍ 80 സീറ്റുകളാണ് ഉണ്ടാവുക. സഞ്ചാരികള്‍ക്ക് ഘട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാനായി ചില്ല് ജനാലകളാകും നൗകയ്ക്കുണ്ടാവുക. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പാന്‍ട്രി സൗകര്യവും ബയോ ടോയ്ലെറ്റ് സൗകര്യവും നൗകയില്‍ ഉണ്ടായിരിക്കുമെന്നാണ് തുറമുഖ മന്ത്രാലയം വ്യക്തമാക്കിയത്.

ഇതിനു പുറമെ ആഢംബര നൗകയില്‍ യാത്രക്കാര്‍ക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമകളും അനിമേഷനുകളും പ്രദര്‍ശിപ്പിക്കും. രാമായണത്തിലെ സന്ദര്‍ഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെല്‍ഫി പോയിന്റുകളും നൗകയില്‍ ഉണ്ടാകും.15 മുതല്‍ 16 കിലോമീറ്റര്‍ ദൂരമാണ് നൗക സഞ്ചരിക്കുക.

Exit mobile version