കോവിഷീൽഡ് വാക്‌സിൻ പരീക്ഷണം കാരണം ആരോഗ്യപ്രശ്‌നങ്ങൾ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി; വാക്‌സിൻ നിർത്തിവെയ്ക്കണമെന്നും ആവശ്യം

covid vaccine | health news

ചെന്നൈ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന കോവിഷീൽഡ് കോവിഡ് വാക്‌സിന്റെ നിർമ്മാണവും വിതരണവും നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്ത്. കോവിഷീൽഡ് വാക്‌സിൻ എടുത്തതിനെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങൾ ഉണ്ടായെന്നാണ് പരീക്ഷണത്തിൽ പങ്കാളിയായ ഇദ്ദേഹം പറയുന്നത്. 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കൺസൾട്ടന്റാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദീർഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്. അതിനാൽ വക്കീൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും ഇദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഷീൽഡ് വാക്‌സിനെ വിവാദത്തിലാക്കി ചെന്നൈ സ്വദേശി രംഗത്തെത്തിയിരിക്കുന്നത്.

പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയറുടെ നിർദേശ പ്രകാരം ഐസിഎംആർ ഡയറക്ടർ ജനറൽ, ഡിജിസിഐ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്. ആസ്ട്രസെനക്ക സിഇഒ, പ്രൊഫസർ ആൻഡ്രൂ പൊള്ളാഡ്, ഓക്‌സ്ഫഡ് വാക്‌സിൻ പരീക്ഷണത്തിന്റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്രാ ഹയർ എഡ്യൂട്ടേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാൻസ്‌ലർ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽനിന്ന് ഒക്ടോബർ ഒന്നിനാണ് ഇദ്ദേഹം കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇതിന് പിന്നാലെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇത് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്‌സ് കമ്മിറ്റിയും പരിശോധിച്ചു വരികയാണ്.

Exit mobile version