‘ഡല്‍ഹി ചലോ’ മാര്‍ച്ച്; സമരക്കാര്‍ക്ക് നേരെ ഇന്നും ഡല്‍ഹി പോലീസിന്റെ അതിക്രമം, സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

farmers protest | big news live

അംബാല: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെതിരെ ഇന്നും ഡല്‍ഹി പോലീസിന്റെ അതിക്രമം. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിന്‍ഖുവിലും ടിക്രിയിലും പോലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ അണിനിരന്നിരിക്കുന്നത്. എല്ലാ അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി-ഹരിയാന അതിര്‍ത്തി പോലീസ് പൂര്‍ണമായും തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷ സാഹചര്യമായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും ഇതില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കണമെന്ന പോലീസിന്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.

കര്‍ഷക സമരം രൂക്ഷമായതോടെ സമവായ നീക്കവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.കേന്ദ്രകൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ഇതിന് മുമ്പ് ചര്‍ച്ച നടത്തിയപ്പോഴൊന്നും സമവായമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും അതിനാല്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയത്.

Exit mobile version