ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് സച്ചിന്‍, എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി; അനുശോചിച്ച് ക്രിക്കറ്റ് ലോകം

diego maradona

ന്യൂഡല്‍ഹി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്റെ ഹീറോ ഇനിയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.

‘എന്റെ ഹീറോ ഇനിയില്ല, എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു, നിങ്ങള്‍ കാരണമാണ് ഞാന്‍ ഫുട്ബോള്‍ കണ്ടത്’ എന്നാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.


മറഡോണയുടെ വേര്‍പാടില്‍ ഏറെ ദുഖമുണ്ടെന്നാണ് യുവരാജ് സിങ് ട്വീറ്റ് ചെയ്തത്. ആഘോഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച ഞങ്ങളുടെ ബാല്യകാല താരമായിരുന്നു മറഡോണ. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലും ഓര്‍മകളിലും ജീവിക്കുമെന്ന് സുരേഷ് റെയ്ന അനുസ്മരിച്ചു.


കായിക ലോകത്തെ അധികമാര്‍ക്കും അവര്‍ ഒരു തലമുറയെ പ്രചോദിപ്പിച്ചുവെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മികച്ച താരങ്ങള്‍ പല തലമുറകളെയും പ്രചോദിപ്പിക്കും. യഥാര്‍ഥത്തില്‍ മറഡോണ ചെയ്തത് അതാണ് – മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണ്‍ ഓര്‍മിച്ചു. മറഡോണ എന്ന പ്രതിഭ കാരണമാണ് താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നതെന്നാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന ട്വിറ്ററില്‍ കുറിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

Exit mobile version