നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി; 10 കോടി രൂപ പിഴയടച്ച് ശശികല, ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു

ചെന്നൈ: സുപ്രീംകോടതി വിധിച്ച 10 കോടി രൂപ ബംഗളൂരു പ്രത്യേക കോടതിയില്‍ വികെ ശശികല കെട്ടിവെച്ചു. ഇതോടെ ജയില്‍മോചനത്തിനാണ് വഴിയൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പുതിയ നീക്കം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും ജനുവരിയില്‍ ജയില്‍ മോചനം ഉണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകന്‍ അറിയിക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വര്‍ഷം തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ കെട്ടിവെച്ചത്.

അതേസമയം, പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. പയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദില്‍ ഉള്‍പ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു.

Exit mobile version