മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാം; കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ലഖ്‌നൗ: പടര്‍ന്നുപിടിച്ച കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ഡബ്ല്യൂഎച്ച്ഒ പ്രശംസിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടുചെയ്തത്.

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കിയ യുപി സര്‍ക്കാരിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടനയിടെ രാജ്യത്തെ പ്രതിനിധി റോഡ്രിക്കോ ഓഫ്രിന്‍ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധത്തിനും ഹൈ റിസ്‌ക് കോണ്‍ടാക്ടുകള്‍ കണ്ടെത്തുന്നതിനും യുപി സര്‍ക്കാര്‍ പ്രാധാന്യം നല്കി. ഹൈ റിക്‌സ് കോണ്ടാക്ടുകള്‍ കണ്ടെത്താന്‍ 70,000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്തുടനീളം മുന്നിരയില്‍നിന്ന് പ്രവര്‍ത്തിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.

കോവിഡിനെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍. മികച്ച പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് അതിനായി മുന്നിട്ടിറങ്ങിയതും നിരീക്ഷണം നടത്തിയതും. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായവും പരിശീലനവും നല്കിയിട്ടുണ്ട്.

ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിക്‌സ് കോണ്ടാക്ടുകളെ കണ്ടെത്തുന്നതിനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും കഴിഞ്ഞുവെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

Exit mobile version