രാജ്യതലസ്ഥാനത്ത് കനത്ത മഴ; ഗുരുതരാവസ്ഥയിലായ വായുമലിനീകരണത്തില്‍ നിന്ന് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശ്വാസം പകര്‍ന്ന് മഴ. ദീപാവലി ആഘോഷത്തെ തുടര്‍ന്ന് രൂക്ഷമായ വായുമലിനീകരണത്തില്‍ നിന്ന് നേരിയ ആശ്വാസമാണ് കനത്ത മഴ സമ്മാനിച്ചത്. ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മെച്ചപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചെറിയ തോതില്‍ മഴ ലഭിക്കുകയും ചെയ്തു.

വായു ഗുണനിലവാര സൂചികയില്‍ ശനിയാഴ്ച 414 ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ല്‍ എത്തിയത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പിഎം(പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 മലിനീകരണതോത് 400 കടന്നിരുന്നു. ചില മേഖലകളില്‍ 500 ന് അടുത്തും എത്തി. വായു മലിനീകരണത്തെ തുടര്‍ന്ന് കാഴ്ച മറയുന്നതും ആരോഗ്യ പ്രശ്നങ്ങളും ഉയരാന്‍ കാരണമായിട്ടുണ്ട്. മഴ എത്തിയതിന്റെ അടിസ്ഥാനത്തില്‍ നേരിയ കുറവ് വായുമലിനീകരണത്തില്‍ വന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങളും.

Exit mobile version