ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷാടനം, ഇപ്പോള്‍ മൊബൈല്‍ ടീ ഷോപ്പ് ഉടമസ്ഥന്‍; വെങ്കിട്ടരാമനെ പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് കോളേജ് അധ്യാപകന്‍ നവീന്‍ കുമാര്‍, നന്മ

ഇറോഡ്: ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷയെടുത്ത് റെയില്‍വേ സ്റ്റേഷനിലും മറ്റും കിടന്ന് ഉറങ്ങി കാലം കഴിച്ചുകൂട്ടിയിരുന്ന കെ വെങ്കിട്ടരാമന്‍ ഇന്ന് ഒരു ബിസിനസുകാരനാണ്. മൊബൈല്‍ ടീ ഷോപ്പ് നടത്തി ജീവിക്കുകയാണ് ഇപ്പോള്‍ വെങ്കിട്ടരാമന്‍. ദുരിത ജീവിതത്തില്‍ നിന്ന് കരകയറാന്‍ കൈ നല്‍കിയതാകട്ടെ ഒരു കോളേജ് അധ്യാപകനും.

തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞതെന്ന് 39കാരനായ വെങ്കിട്ടരാമന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് തമിഴ്നാട്ടിലെ ഇറോഡിലെ ജെകെകെഎന്‍ കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസറായ പി നവീന്‍ കുമാര്‍ കെ വെങ്കിട്ടരാമനെ കണ്ടെത്തുന്നത്. ആ സമയം, ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷയെടുക്കുകയായിരുന്നു വെങ്കിട്ടരാമന്‍.

താന്‍ ഒരു മദ്യപാനിയായിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചതായും വെങ്കിട്ടരാമന്‍ പറയുന്നു. ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും ഭക്ഷണവും എടുത്തായിരുന്നു വെങ്കിട്ടരാമന്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോയത്. ഈ സമയത്താണ് നവീനിന്റെ ഇടപെടല്‍.

ആറു വര്‍ഷമായി ജെകെകെഎന്‍ കോളജില്‍ അധ്യാപകനാണ് പി. നവീന്‍ കുമാര്‍. തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്കും ഭിക്ഷാടകര്‍ക്കും സഹായമൊരുക്കുന്നത് നവീന്‍ കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്‍ജിനിയറിംഗ് ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് തെരുവില്‍ കഴിയുന്നവരുടെ വിശപ്പകറ്റാനായി പ്രവര്‍ത്തിച്ചുതുടങ്ങിയതെന്ന് നവീന്‍ കുമാര്‍ പറയുന്നു. ” എന്റെ അച്ഛന്‍ ഭിന്നശേഷിക്കാരനാണ്. അമ്മ കിടപ്പിലും. അതിനാല്‍ തന്നെ വിശപ്പിന്റെ വില എനിക്കറിയാം” നവീന്‍ പറയുന്നു.

ഭിക്ഷയെടുക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരു ചാന്‍സ് കൂടി ഒരുക്കുകയാണ് നവീന്‍ ചെയ്യുന്നത്. തെരുവില്‍ കഴിയുന്നവരില്‍ പലര്‍ക്കും പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ അവസരം ഒരുക്കി. മാനസിക വിഭ്രാന്തിയുള്ളവരെ നവീനും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച അത്ചയം ട്രസ്റ്റില്‍ പ്രവേശിപ്പിക്കും. ഇങ്ങനെ പോകുന്നു നവീനിന്റെ നന്മ മനസ്. നിറകൈയ്യടിയാണ് ഈ കോളേജ് പ്രൊഫസര്‍ക്ക് ലഭിക്കുന്നത്.

Exit mobile version