അധികാരത്തിലുള്ളവര്‍ ജനവികാരം മാനിക്കണം! ഞങ്ങള്‍ യാചിക്കുകയല്ല വികാരം വെളിപ്പെടുത്തുകയാണ്; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍മ്മ സഭ റാലിയില്‍ സംസാരിക്കവേയാണ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമര്‍ശിച്ചത്.

ഇന്ന് അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണം. ഞങ്ങള്‍ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്. – ഭയ്യാജി ജോഷി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്നോടിയായിരുന്നു ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി നടത്തുന്നത്.

Exit mobile version