ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പോലീസുകാരൻ അപകടത്തിൽ മരിച്ചു; പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു; അദ്ദേഹമില്ലാതെ ജീവിക്കാനാകില്ല എന്ന് കുറിപ്പ്

കാൻപുർ: പോലീസ് കോൺസ്റ്റബിൾ അപകടത്തിൽ മരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ ബലാത്സംഗക്കേസ് നൽകിയ പരാതിക്കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം. മരിച്ച ജിതേന്ദ്രയെന്ന പോലീസുകാരന് എതിരെ ആത്മഹത്യ ചെയ്ത യുവതി ബലാത്സംഗക്കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾക്ക് ശേഷമാണ് അപകടത്തിൽ പരിക്കേൽക്കുകയും ജിതേന്ദ്ര ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തത്.

ഇതോടെയാണ് പരാതിക്കാരിയായ ദിബിയാപുർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തത്. പോലീസ് കോൺസ്റ്റബിൾ ജിതേന്ദ്രയെ സ്‌നേഹിച്ചിരുന്നുവെന്നും അദ്ദേഹം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കൈയിൽ മൈലാഞ്ചികൊണ്ട് സ്വന്തം പേരും പോലീസ് കോൺസ്റ്റബിളിന്റെ പേരും എഴുതിയിരുന്നതായും കണ്ടെത്തി.

ഇറ്റാവ സ്വദേശിയായ ഒരാളെ ഈ യുവതി ആദ്യം വിവാഹം കഴിച്ചിരുന്നു. ഭർത്താവ് മരിച്ചതോടെ ഇവർ സ്വന്തം മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ തുടങ്ങി. വാടകവീട്ടിൽ താമസിക്കുന്നതിനിടെയാണ് യുവതി പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിൽ ജോലിക്ക് നിയോഗിച്ചിരുന്ന കോൺസ്റ്റബിളായ ജിതേന്ദ്രയുമായി അടുപ്പത്തിലായതെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

പിന്നീട് ജിതേന്ദ്രയ്ക്ക് എതിരെ വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കോൺസ്റ്റബിളിനെ സസ്‌പെൻഡു ചെയ്തു. നവംബർ നാലിന് സ്വന്തം നാട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെയാണ് കോൺസ്റ്റബിൾ ജിതേന്ദ്രയ്ക്ക് റോഡപകടത്തിൽ പരിക്കേറ്റത്. പിന്നീട് ചികിത്സയിലിരിക്കെ നവംബർ ഒമ്പതിന് മരിക്കുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ദിവസങ്ങൾക്കുശേഷം യുവതിയെ സ്വന്തം മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്കൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version