പ്രീ വെഡിംഗ് ഫോട്ടോഷൂട്ടിനിടെ ചെറുവള്ളം മറിഞ്ഞു; യുവാവും യുവതിയും മുങ്ങിമരിച്ചു

മൈസൂരു: പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു. മൈസൂരുവിലാണ് ദാരുണ സംഭവം. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് നദിയില്‍ മുങ്ങി മരിച്ചത്.

വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തില്‍ നദി കടക്കാന്‍ സംഘം തീരുമാനിച്ചത്. ശേഷം വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.

Exit mobile version