‘ഫേക് ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് ഇവര്‍ ചീത്ത വിളിക്കുന്നത്’ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അര്‍ച്ചന

വൈറലായ സേവ് ദ ഡേറ്റില്‍ സൈബര്‍ ആക്രമണം കനത്തതോടെ പ്രതികരണവുമായി പ്രശസ്ത മോഡല്‍ അര്‍ച്ചന അനില രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം.

ചിത്രങ്ങള്‍ വൈറലായതോടെ അവയ്ക്ക് കീഴെ അശ്ലീല കമന്റുകളും ഉയര്‍ന്ന സാഹചര്യത്തിലാണ് അര്‍ച്ചനയുടെ പ്രതികരണം. ജിം ട്രെയിനറായിരുന്ന അര്‍ച്ചന നിലവില്‍ മോഡലിങ് ചെയ്തു വരികയാണ്. ഇതിനു മുമ്പും താന്‍ ചെയ്ത ഫോട്ടോഷൂട്ടുകള്‍ക്ക് കീഴെ അസഭ്യ കമന്റുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വീട്ടുകാരെ വിളിക്കുന്ന സാഹചര്യം എത്തിയതോടെ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അര്‍ച്ചന വീഡിയോയില്‍ പറയുന്നു.

അര്‍ച്ചനയുടെ വാക്കുകള്‍;

ധാരാളം നെഗറ്റീവ് കമന്റുകള്‍ മുമ്പും ചിത്രങ്ങള്‍ക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാല്‍ വെഡ്ഡിങ് ഷൂട്ട് തീമില്‍ ചെയ്ത ചിത്രങ്ങള്‍ക്ക്കീഴെ അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്. യഥാര്‍ഥത്തില്‍ അതു സേവ് ദി ഡേറ്റ് ആയിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. ബിക്കിനിയിട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്ന് കമന്റ് ചെയ്തവരുണ്ട്.

അതിനും എനിക്ക് മടിയില്ല. ഫേക്ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് ഇവര്‍ ചീത്ത വിളിക്കുന്നത്. ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.’

Exit mobile version