തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് കുടുംബം

കാഞ്ചീപുരം: കാഞ്ചീപുരത്ത് യുവ മാധ്യമപ്രവര്‍ത്തകനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴന്‍ ടിവി റിപ്പോര്‍ട്ടര്‍ ജി മോസസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 26 വയസായിരുന്നു. ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം.

ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. മോസസിന്റെ കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാരെയും പ്രദേശവാസികളെയും വടിവാള്‍ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്നു കളഞ്ഞു.

രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് മോസസിന്റെ കുടുംബത്തിന്റെ ആരോപണം. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ തമിഴ്‌നാട് പത്രപ്രവര്‍ത്തക യൂണിയന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. കാഞ്ചീപുരം പഴയ നല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version