മോഡി ‘നമസ്‌തേ ട്രംപ്’ പറഞ്ഞപ്പോൾ അമേരിക്കയിലെ ജനങ്ങൾ ‘ബൈ ബൈ’ പറഞ്ഞു; ട്രംപ് തോറ്റതുപോലെ ബിഹാറിൽ ബിജെപിയും തോൽക്കും: ശിവസേന

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും താരതമ്യപ്പെടുത്തി ശിവസേന. യുഎസിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറിൽ എൻഡിഎയും പരാജയപ്പെടുമെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗം പറയുന്നു.

ചൊവ്വാഴ്ച ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിൽ ട്രംപിന് സംഭവിച്ചത് ബിജെപിക്കും സംഭവിക്കും. കോവിഡ് 19 മഹാമാരിയുടെ തുടക്കത്തിൽ നമസ്‌തേ ട്രംപ് പരിപാടി നടത്തിയ കേന്ദ്രസർക്കാറിനെയും ശിവസേന വിമർശിച്ചു. ഇന്ത്യയിൽ നമ്മൾ ‘നമസ്‌തേ ട്രംപ്’ എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങൾ അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞുവെന്നും ശിവസേന പറയുന്നു.

‘രാജ്യത്ത് തങ്ങളല്ലാതെ മറ്റൊരു ബദൽ ഇല്ലെന്ന മിഥ്യാധാരണ ജനങ്ങൾക്ക് മാറ്റേണ്ടിവരും’ എന്നും ശിവസേന പറയുന്നു. അമേരിക്കയിൽ അധികാരം മാറിക്കഴിഞ്ഞു. ട്രംപ് എത്രത്തോളം ചെയ്തുവെന്ന് പറഞ്ഞാലും ബൈഡൻ തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞു. അതുപോലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ബിഹാറിൽ പരാജയപ്പെടും’-ശിവസേന പറയുന്നു. ബിഹാറിൽ കാട്ടുഭരണമാണ് നടക്കുന്നതെന്ന് വിമർശിച്ച ശിവസേന കാട്ടുഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ആദ്യം അധികാരികളോട് പുറത്തുപോകാൻ നിർദേശിക്കുകയാണെന്ന് പറഞ്ഞു. യുഎസിലും അതുതന്നെയായിരുന്നു നടന്നത്.

Exit mobile version