മോഡി സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ഉപേക്ഷിച്ച ഉദ്യോഗസ്ഥൻ കോൺഗ്രസിലേക്ക്; ശശികാന്ത് സെന്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

ചെന്നൈ: മോഡി സർക്കാരിനോട് കലഹിച്ച് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേരും. കഴിഞ്ഞവർഷം സിവിൽ സർവീസിൽ നിന്നും രാജിവെച്ച എസ് ശശികാന്ത് സെന്തിലാണ് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

‘രാജ്യത്ത് കേന്ദ്രസർക്കാർ നടത്തിവരുന്നതും നടപ്പാക്കാനാഗ്രഹിക്കുന്നതുമായ നയങ്ങളോട് പ്രതിഷേധിക്കുന്നതിൻറെ ഭാഗമായാണ് താൻ സിവിൽ സർവീസിൽ നിന്നും രാജിെവച്ചത്. ഇപ്പോൾ എല്ലാവരെയും ഒരുമിച്ച് നിർത്തണമെന്നും രാഷ്ട്രീയ പരിഹാരം ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു. രാഷ്ട്രീയമായ പരിഹാരത്തിന് കോൺഗ്രസാണ് ശരിയായ സംഘടന എന്ന് ഞാൻ കരുതുന്നു, അതിനാലാണ് ഈ തീരുമാനം’- ശശികാന്ത് സെന്തിൽ ട്വിറ്ററിൽ കുറിച്ചു.

ജനാധിപത്യത്തിൽ വിട്ടുവീഴ്ച നടന്നെന്ന് ആരോപിച്ച് രാജിവെച്ച സെന്തിൽ എൻആർസി, സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഉൾപ്പടെ സജീവ സാന്നിധ്യമായിരുന്നു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിൽ കർണാടക കേഡറിലാണ് ജോലി ചെയ്തിരുന്നത്. 2009 മുതൽ 2012 വരെ ബല്ലാരിയിൽ അസിസ്റ്റൻറ് കമ്മീഷണറായിരുന്നു. 2016 നവംബർ മുതൽ മൈൻസ് ആൻഡ് ജിയോളജി വിഭാഗത്തിൽ ഡയറക്ടറുമായിരുന്നു. 2019 സെപ്റ്റംബറിൽ ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ആയിരുന്നു രാജി.

Exit mobile version