ഒന്നും മറക്കില്ല മോഡി ജി; ട്രംപിന് വോട്ട് ചോദിച്ച മോഡിയെ കണക്കിന് പരിഹസിച്ച് ട്വിറ്ററാറ്റികൾ; ‘ഹൗഡി മോഡി’ ട്രെന്റിങിൽ

ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്നടുക്കുന്നതോടെ ഉറക്കമില്ലാതായത് സോഷ്യൽമീഡിയയ്ക്കാണ്. ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്ന് അഭിസംബോധന ചെയ്ത് പരസ്യമായി വോട്ടഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളിയും ബിജെപി അനുകൂലികളെ പരിഹസിച്ചും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുകയാണ്.

ട്രംപ് തോറ്റതോടെ ട്രോളന്മാരും വിമർശകരും ഉണർന്ന് പ്രവർത്തിച്ച് ട്വിറ്ററിലെ പഴയ ‘ഹൗഡി മോഡി’ ഹാഷ് ടാഗ് വീണ്ടും ട്രെൻഡിങിലെത്തിച്ചിരിക്കുകയാണ്. ട്രംപിന്റെ പരാജയത്തോടെ മോഡിക്ക് കടുത്ത വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.

ഇന്ത്യക്കാരായ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനായി ട്രംപിനെ ജയിപ്പിക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയാണ് മോഡിക്ക് ഇപ്പോൾ തലവേദനയായിരിക്കുന്നത്. അന്നത്തെ പരിപാടിയുടെ ഹാഷ്ടാഗാണ് ട്വിറ്ററാറ്റികൾ വീണ്ടും ട്രെൻഡിങ് ആക്കിയെടുത്തിരിക്കുന്നത്.

ഹൗഡി മോഡി സംഘടിപ്പിച്ചത് സംഘപരിവാർ അനുകൂല സംഘടനകളായിരുന്നു. പരിപാടിയിൽ അടുത്ത അമേരിക്കൻ പ്രസിഡന്റായി വീണ്ടും ട്രംപിനെ തെരഞ്ഞെടുക്കണമെന്ന് മോഡി ആഹ്വാനം ചെയ്തത് ഏറെ ശ്രദ്ധേയവുമായിരുന്നു.

അതേസമയം, അന്ന് ട്രംപിനെ പുകഴ്ത്തി പരസ്യമായി വോട്ട് ചോദിച്ച മോഡിക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ബൈഡന്റെ വിജയമെന്ന് ട്വിറ്ററിൽ വിമർശനമുയരുകയാണ്. യുഎസിൽ നടന്ന ഹൗഡി മോഡി പരിപാടിക്ക് പിന്നാലെ ട്രംപിനെ പുകഴ്ത്താനായി ഇന്ത്യയിൽ നമസ്‌തേ ട്രംപ് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ഈ പരിപാടിയേയും കണക്കറ്റ് പരിഹസിക്കുകയാണ് ഇപ്പോൾ എതിരാളികൾ. ‘പ്രിയ നരേന്ദ്ര മോഡിജി, ട്രംപിനെ ജയിപ്പിക്കുന്നതിന് ഹൗഡി മോഡി, നമസ്‌തേ ട്രംപ് എന്നിവ സംഘടിപ്പിച്ചുകൊണ്ട് നിങ്ങൾ ഇന്ത്യൻ നികുതിദായകരുടെ വളരെയധികം പണം ചെലവഴിച്ചു. പക്ഷേ ഇത് നിങ്ങളുടേയും ഇന്ത്യയുടെ ചരിത്രത്തിലേയും ഏറ്റവും വലിയ നയതന്ത്ര വീഴ്ചയാണ്- ഒരാൾ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

‘ഹൗഡി മോഡി ടെക്‌സസ് സ്റ്റേറ്റിലാണ് സംഘടിപ്പിച്ചത്. അത് വിജയകരമായ ഷോ ആയിരുന്നു. അതുകാരണം ട്രംപിന് ടെക്‌സസിൽ വിജയിക്കാനായി. ഇനിയെങ്കിലും ിഡ്ഡിത്തരങ്ങൾ നിറഞ്ഞ ട്വീറ്റുകൾ നിർത്തുക- ചിലർ പരിഹസിക്കുന്നു. ട്രംപിനായി രംഗത്തിറങ്ങിയ മോഡി കാണിച്ചത് നയതന്ത്ര വിഡ്ഡിത്തമാണെന്ന് നിരവധിപേർ കുറിച്ചു.

Exit mobile version