ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 15 ശതമാനം വര്‍ധന. സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ വറ്റല്‍മുളക്, ജീരകം, മഞ്ഞള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്നാണ് സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍.

10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രില്‍ മുതലുള്ള അഞ്ച് മാസക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്നത് വറ്റല്‍മുളകാണ്. 2020 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 2.10 ലക്ഷം ടണ്‍ വറ്റല്‍മുളകാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 2,876 കോടി രൂപയുടെ വരുമാനം നേടി. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവില്‍ 30 ശതമാനവും വിലയില്‍ 19 ശതമാനവും വാര്‍ഷിക വര്‍ധനയുണ്ടായി.

ഏലം, ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, കടുക്, അനിസീഡ്, ദില്‍ സീഡ് എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന ചുക്ക്, മഞ്ഞള്‍ പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ആവശ്യകത കൂടി. ഇന്ത്യയില്‍നിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ 107 ശതമാനം ഉയര്‍ന്ന് 19,700 ടണ്‍ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടണ്‍ മഞ്ഞളാണ് കയറ്റുമതി ചെയ്തത്.

Exit mobile version