അനുമതി ഇല്ലാതെ വെട്രിവേൽ യാത്ര നടത്തി; തമിഴ്‌നാട് ബിജെപി അധ്യക്ഷനും നൂറോളം അണികളും അറസ്റ്റിൽ; യാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് ആരോപണം

ചെന്നൈ: കൊവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചിട്ടും നൂറുകണക്കിന് ആളുകളെ കൂട്ടി വെട്രിവേൽ യാത്ര നടത്തിയ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ അറസ്റ്റിൽ. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പോലീസ് വേൽ യാത്ര തടഞ്ഞ് അറസ്റ്റ് ചെയ്തത്.

മുരുകനൊപ്പം നൂറോളം പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ സംഘർഷവുമുണ്ടായി. നേരത്തെ പൂനമല്ലിക്ക് സമീപത്ത് വച്ച് വേൽയാത്രക്ക് പുറപ്പെട്ട അധ്യക്ഷൻ മുരുകന്റെ വാഹനം പോലീസ് തടഞ്ഞിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ ഇവർ യാത്ര തുടരുകയായിരുന്നു.

എല്ലാ ഭക്തർക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാൻ ആർക്കും കഴിയില്ലെന്നും മുരുകൻ പോലീസിന്റെ വാദത്തെ തള്ളിക്കൊണ്ട് പറഞ്ഞു. തിരുത്തണി മുരുകൻ കോവിലിലേക്ക് ആരാധനക്കായി പോകുകയാണ്. ഭഗവാൻ മുരുകൻ യാത്ര നടത്താനുള്ള അനുവദാം തന്നിട്ടുണ്ടെന്നായിരുന്നു എൽ മുരുകന്റെ അവകാശവാദം.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാർ യാത്രക്ക് അനുമതി നിഷേധിച്ചത്. തുടർന്ന് സർക്കാരിനെ എതിർത്ത് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ യാത്രക്കായി ഇറങ്ങിത്തിരിക്കുകയായിരുന്നു. അതേസമയം, വർഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് മുരുകൻ വെട്രിവേൽ യാത്ര നടത്തുന്നതെന്ന് എതിർപാർട്ടികൾ ആരോപിച്ചു.

Exit mobile version