കൊവാക്‌സിന്‍; ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരം, മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

covaxin | big news live

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ കൊവാക്സിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമെന്ന് അധികൃതര്‍. ഇതേ തുടര്‍ന്ന് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 25 നഗരങ്ങളില്‍ 25,000 മുതല്‍ 26,000 വോളന്റിയര്‍മാര്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കാളികളാകും.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് വേണ്ടിയുള്ള വോളന്റിയര്‍മാരുടെ റിക്രൂട്ട്മെന്റ് ഈ മാസം ആരംഭിക്കുമെന്നാണ് വാക്സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചത്. ആയിരത്തോളം വോളന്റിയര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ വാക്സിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. ഇതിന്റെ ഇടക്കാല ഡേറ്റ ഭാരത് ബയോടെക് സമര്‍പ്പിച്ചതോടെയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. അതേ സമയം കമ്പനിയോട് രണ്ടാം ഘട്ട പരീക്ഷണത്തിന്റെ സുരക്ഷയെയും പ്രതിരോധ പ്രതികരണത്തെയും സംബന്ധിച്ച സമ്പൂര്‍ണ ഡേറ്റ സമര്‍പ്പിക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവാക്‌സിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ജൂലൈയിലും രണ്ടാം ഘട്ട പരീക്ഷണം സെപ്റ്റംബറിലുമാണ് ആരംഭിച്ചത്. കാര്യമായ പാര്‍ശ്വഫലങ്ങള്‍ ആദ്യ രണ്ട് ഘട്ടങ്ങളിലും വോളന്റിയര്‍മാരില്‍ ഉണ്ടായിട്ടില്ലെന്നും വാക്സീന്‍ സുരക്ഷിതമാണെന്നും ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ വോളന്റിയര്‍മാര്‍ക്ക് 0.5 മില്ലിലീറ്റര്‍ ഡോസ് വീതം 28 ദിവസത്തെ ഇടവേളയില്‍ നല്‍കും. 2021 ആദ്യ പാദത്തിന്റെ അവസാനത്തോടെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ കാര്യക്ഷമതയെ സംബന്ധിച്ച ഡേറ്റ ലഭ്യമാകുമെന്ന് കരുതുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. അടുത്ത വര്‍ഷം ഫെബ്രുവരി മാസത്തോടെ വാക്സീന്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Exit mobile version