‘ആര്‍ആര്‍ആര്‍’ സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കും, രാജമൗലിയെ വടി കൊണ്ട് തല്ലും; ഭീഷണിയുമായി ബിജെപി നേതാവ്

ഹൈദരാബാദ്:ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’സിനിമ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തീയ്യേറ്ററുകള്‍ കത്തിക്കുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍. കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താല്‍, ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താല്‍, ഞങ്ങള്‍ നിങ്ങളെ വടി കൊണ്ട് തല്ലുമെന്നാണ് ബിജെപി നേതാവിന്റെ ഭീഷണി.

കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല എന്ന് ബന്ദി പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ഈ രംഗം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെ കൈയ്യേറ്റം ചെയ്യുമെന്നും ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുന്നത്.


ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ‘കോമരം ഭീം’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവിട്ടത്. ഇതില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ‘കോമരം ഭീം’ എന്ന കഥാപാത്രം മുസ്ലിം തൊപ്പി അണിഞ്ഞെത്തിയ രംഗമാണ് ബന്ദി സഞ്ജയ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

450 കോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്.

കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെ ആയിക്കുമെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറുമാണ് എത്തുന്നത്. ഇതിനുപുറമെ ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Exit mobile version