കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് മരുന്ന് വിറ്റ് പതഞ്ജലി; നാല് മാസം കൊണ്ട് സമ്പാദിച്ചത് 250 കോടി

ന്യൂഡൽഹി: കൊവിഡിനുള്ള മരുന്നെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ സ്വാസ്രി കൊറോണിൽ കിറ്റ് വിൽപ്പനയിലൂടെ കമ്പനി വൻനേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണിലിന് വൻ വിൽപ്പനയാണ് നടന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

250 കോടിയുടെ മരുന്ന് വിറ്റുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നാല് മാസങ്ങൾക്ക് മുമ്പാണ് മരുന്ന് പുറത്തിറക്കിയത്. ഒക്‌ടോബർ 18 വരെ മരുന്നിന്റെ 25 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി വിൽപ്പന നടത്തി. ഓൺലൈനിലൂടെയും ഡയറക്ട്, ജനറൽ മാർക്കറ്റിങ്ങുകളിലൂടെയുമായിരുന്നു വിൽപ്പന. അതേസമയം, മരുന്ന് വിവാദമായപ്പോൾ കൊവിഡ് മാറ്റാൻ കൊറോണിലിന് കഴിവില്ലെന്നും പ്രതിരോധ മരുന്ന് മാത്രമാണതെന്നും വിശദീകരിച്ച് ബാബ രാംദേവ് രംഗത്തെത്തിയിരുന്നു.

കൊവിഡ് വ്യാപനം രാജ്യത്ത് മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ ജൂൺ 23നാണ് കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലി മരുന്ന് പുറത്തിറക്കിയത്. പരീക്ഷണങ്ങളൊന്നും നടത്താതെയായിരുന്നു മരുന്നിന്റെ പുറത്തിറക്കൽ. തുടർന്ന് മരുന്നിന്റെ പരസ്യങ്ങൾക്ക് ആയുഷ് മന്ത്രാലയം നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

Exit mobile version