നിഖിതയെ വെടിവെച്ച് കൊന്നത് മതപരിവർത്തനത്തിന് തയ്യാറാവാത്തതിനാലെന്ന് വിഎച്ച്പി; പിന്നാലെ ലൗജിഹാദിന് എതിരെ നിയമം പാസാക്കുമെന്ന് ഹരിയാന

ന്യൂഡൽഹി: യുപിക്ക് പിന്നാലെ ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം നടത്തുമെന്ന് ഹരിയന. ഇത്തരത്തിൽ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാറും ആഭ്യന്തര മന്ത്രി അനിൽ വിജും വ്യക്തമാക്കി.

കഴിഞ്ഞദിവസം, ലൗ ജിഹാദ് തടയാൻ കർശന നിയമനിർമ്മാണം നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയിരുന്നു. പ്രണയത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നാണ് യോഗി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹരിയാനയും ഈ ദിശയിൽ നീങ്ങുന്നത്.

നിയമനിർമ്മാണം പരിഗണനയിലുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ നിരപരാധിയായ ഒരാൾപോലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാർ വ്യക്തമാക്കി. ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുന്നത് കേന്ദ്രസർക്കാരിന്റെയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

കഴിഞ്ഞാഴ്ച കോളേജ് വിദ്യാർത്ഥിനിയായ നിഖിതയെന്ന പെൺകുട്ടിയെ യുവാവ് വെടിവെച്ച് കൊന്ന സംഭവത്തെ തുടർന്നാണ് വീണ്ടും ലൗജിഹാദ് വാർത്തയിലിടം പിടിക്കാൻ തുടങ്ങിയത്. നിഖിതയെ നിർബന്ധിത മതപരിവർത്തനത്തിനായി യുവാവ് നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ മരണം ലൗ ജിഹാദ് ആണെന്ന ഹിന്ദു സംഘടനകളുടെ ആരോപണത്തിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാർ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

Exit mobile version