25 കോടിക്കു ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാം; ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ 25 കോടിക്കു ബിജെപി വാങ്ങിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

‘ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് വളരെ അകലെയാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് മഹാത്മ ഗാന്ധിയുടെ പാര്‍ട്ടിയല്ല, വെറും രാഹുല്‍ ഗാന്ധിയുടെ മാത്രം പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് സ്വന്തം എംഎല്‍എമാരെ പോലും പരിഗണിക്കുന്നില്ല. അവര്‍ പാര്‍ട്ടി വിടുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു. 25 കോടിക്കു ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്നും വിജയ് രൂപാണി പറഞ്ഞു.

സമ്മേളനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരയെും വിജയ് രൂപാണി രംഗത്തെത്തി. ദൈവത്തിന്റെ കരുണകൊണ്ട് മാത്രമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായത്. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലാത്ത മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ തെരുവില്‍കിടന്ന് മരിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു. നവംബര്‍ 3ന് എട്ട് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version