കൊവിഡ് വാക്‌സിൻ എത്തിയാലും രജനീകാന്തിന്റെ ആരോഗ്യനിലയിൽ അതീവശ്രദ്ധ വേണ്ടിവരും; രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും സൂപ്പർ സ്റ്റാർ പിന്നോട്ട്?

ചെന്നൈ: പുതിയ കൊവിഡ് കാല പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നുവെന്ന് സൂചന. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ആരാധകരുമായി ചർച്ച ചെയ്ത് ഉചിതമായ സമയത്ത് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അന്തിമ ചർച്ചകൾ നടത്തുമെന്നാണ് താരത്തിന്റെ പുതിയ പ്രതികരണം.

നേരത്തെ, രജനി നവംബറിൽ പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്തകൾ. ആരോഗ്യനില മോശമായതിനാൽ രരാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രജനിയുടേതെന്ന പേരിൽ ഒരു കത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ രജിനി, ആരോഗ്യ നിലയെക്കുറിച്ചുള്ള കാര്യങ്ങൾ സത്യമാണെന്ന് പറയുന്നു. ഈ കത്തിലെ വിവരങ്ങൾ പ്രകാരം വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രജനിക്ക് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ വാക്‌സിൻ വന്നാലും രജനികാന്തിന്റെ രോഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ ഡോക്ടർമാർ നിർദേശിച്ചതായും കത്തിൽ വിശദീകരിക്കുന്നു.

Exit mobile version