രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഡിസംബറില്‍ ലഭ്യമാകും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. കൊവിഡ് വാക്സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്‍കുകയാണെങ്കില്‍ ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ് അദര്‍ പൂനാവാല വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്സിന് അടിയന്തര ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്സിന്‍ പരീക്ഷണം ഡിസംബര്‍ മാസത്തിലേക്ക് നീളുകയോ ചെയ്താല്‍ വാക്സിന്‍ ഉപയോഗത്തിന് സജ്ജമാക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാമെന്നും ബ്രിട്ടണിലുളള വാക്സിന്‍ പരീക്ഷണവും ഇതോടൊപ്പം പൂര്‍ത്തിയാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്സ്ഫഡ് സര്‍വകലാശാലയും പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. പത്ത് കോടി ഡോസാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്സിന്‍ വിതരണം ചെയ്യാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

Exit mobile version