ഭക്ഷ്യവിഷബാധ; ഹരിയാനയിലെ ഗോശാലയില്‍ കൂട്ടത്തോടെ പശുക്കള്‍ ചത്ത നിലയില്‍

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയ്ക്കടുത്തുള്ള ഗോശാലയില്‍ കൂട്ടത്തോടെ ചത്തനിലയില്‍. 70ഓളം പശുക്കളാണ് ഒറ്റനിമിഷത്തില്‍ ചത്ത് വീണത്. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, രോഗലക്ഷണങ്ങള്‍ കാട്ടിയ 30 ലധികം പശുക്കളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗോശാല അധികൃതര്‍ അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസം പശുക്കള്‍ക്കായി ഗോശാലയില്‍ എത്തിച്ച വെള്ളത്തിന്റെയും മറ്റ് ധാന്യങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിക്കുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

‘ചൊവ്വാഴ്ച തന്നെ ചില പശുക്കളില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മൃഗഡോക്ടര്‍ ഗോശാലയിലെത്തുകയും പശുക്കള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഭക്ഷ്യവിഷബാധയാണ് പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങാന്‍ കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഞങ്ങള്‍ നല്‍കിയ കാലിത്തീറ്റയില്‍ നിന്നോ, മറ്റ് ധാന്യങ്ങളില്‍ നിന്നോ വിഷബാധയേല്‍ക്കാനുള്ള സാധ്യതയില്ല’- ഗോശാല ജനറല്‍ മാനേജര്‍ രവിന്ദര്‍ ചിഹ്ഗാല്‍ പറയുന്നു.

ക്ഷേത്രത്തിനടുത്താണ് ഗോശാല. അതിനാല്‍ ഇവിടെ സന്ദര്‍ശിച്ച ഭക്തന്‍മാരില്‍ ആരെങ്കിലും നല്‍കിയ ഭക്ഷ്യ വസ്തുക്കളാകാം ഇതിനുകാരണമെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version