ആരെയും മാറ്റിനിര്‍ത്തില്ല, കൊവിഡ് വാക്‌സിന്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും ലഭ്യമാക്കുമെന്നും വാക്‌സിന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി ഈ കാര്യം പറഞ്ഞത്.

‘കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമ്പോള്‍, എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരെയും മാറ്റിനിര്‍ത്തില്ല. എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കും. തീര്‍ച്ചയായും കൊവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യാമെന്ന് തീരുമാനിക്കാന്‍ ദേശീയ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 28,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ കൊവിഡ് 19 വാക്‌സിനുകള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. എല്ലാവരിലേക്കും വാക്‌സിന്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version