ഹാഥ്‌റസ് കേസ്; അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കി സുപ്രീംകോടതി ഉത്തരവ്

supreme court india

ന്യൂഡല്‍ഹി: ഹാഥ്‌റസ് കേസ് അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കി സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്‌റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം കേസ് നടത്തിപ്പ് ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണം വേണമെന്നും കേസ് നടത്തിപ്പ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവില്‍ അലഹബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്യം സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന് കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകള്‍ അടിയന്തരമായി കോടതി രേഖകളില്‍ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Exit mobile version