ഡല്‍ഹിയില്‍ കൊവിഡ് രൂക്ഷമാവുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; ദിവസേന 14000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത

covid 19 delhi

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ദിവസേന 14000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചത്.

പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധസമിതി പ്രവചിച്ചത്. 15,000 കേസുകള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരുടേയും സമ്പര്‍ക്ക പട്ടിക കണ്ടെത്തി നിരീക്ഷണത്തിലാക്കിക്കൊണ്ടുളള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നടത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ എന്നിവ മാത്രമാണ് രോഗപ്രതിരോധത്തിനുള്ള വഴികളെന്നും കൊവിഡ് വാക്സിന്‍ കണ്ടെത്തുന്നതു വരെ ഇത് പാലിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡല്‍ഹിയില്‍ പുതുതായി 4116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 35 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയിലെ ഇതുവരെ 3.51 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6225 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. നിലവില്‍ 26,467 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version