ബിജെപിയിൽ ചേരുമോ? അഭ്യൂഹം അവസാനിപ്പിച്ച് നടൻ വടിവേലു

ചെന്നൈ: തമിഴിലെ പ്രശസ്ത ഹാസ്യതാരം വടിവേലു ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനം. വാർത്തയിലെ നിജസ്ഥിതി വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് രാഷ്ട്രീയത്തോട് താൽപര്യം ഇല്ലെന്നു വടിവേലു പ്രതികരിച്ചു. ബിജെപിയിൽ ചേരുന്നില്ലെന്നും ബിജെപിയിൽ ചേരുന്നു എന്ന വാർത്ത വ്യാജമാണെന്നും നടൻ ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്നാണ് അഭിമുഖത്തിൽ വടിവേലു പറഞ്ഞത്. കുറച്ചധികം കാലമായി അഭിനയലോകത്ത് നിന്നും വിട്ടുനിൽക്കുന്ന താരം തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

മുമ്പത്തെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കായി പ്രചാരണത്തിനിറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവ പ്രവർത്തനത്തിന് വടിവേലു സന്നദ്ധനായിരുന്നില്ല. യ്ക്ക് വേണ്ടി നടൻ പ്രചരണം നടത്തിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിന് മുൻപ് സിനിമ മേഖലയിലെ കൂടുതൽ താരങ്ങളെ പാർട്ടിയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് ബിജെപി. നടി ഖുശ്ബുവിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ഇതിനിടെ, നടൻ വിജയ് ബിജെപിയിലേക്കില്ലെന്ന് പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താൻ ബിജെപിയിലേക്ക് പോവുകയാണെന്ന വ്യാജ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രശേഖർ. അതേസമയം, ബിജെപിയിലേക്ക് ഇല്ലെങ്കിലും വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് തന്നെയാണ് സൂചനകൾ.

Exit mobile version