ഇത് അവകാശ നിഷേധം, പ്രായം ഉയര്‍ത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം…? പെണ്‍വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ ചോദ്യവുമായി വനിതാ ലീഗ്, മോഡിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: പെണ്‍വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി വനിതാ ലീഗ് രംഗത്ത്. ജയ ജയ്റ്റ്‌ലി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തുനിയുന്നതിനിടെയാണ് പ്രതിഷേധം രേഖപ്പെടുത്തി വനിതാ ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള നിയമം തന്നെ ശക്തമായിരിക്കെ ഇനി എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിനാ റഷീദ് ചോദിക്കുന്നു. പ്രതിഷേധമറിയിച്ച് വനിതാലീഗ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

പ്രായം ഉയര്‍ത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം എന്നാണ് വനിതാ ലീഗിന്റെ പ്രധാനപ്പെട്ട ചോദ്യം. സ്ത്രീയെ പുറകോട്ട് വലിക്കാനുള്ള നടപടിയാണിതെന്നും നൂര്‍ബിന പ്രതികരിക്കുന്നു. ഇന്ത്യയില്‍ പകുതിയിലധികം സ്ത്രീകളാണ്. ആരോടും ചര്‍ച്ച ചെയ്യാതെ, ജനപ്രതിനിധികളോട് ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഉള്‍പ്പെടെയുള്ള പല വികസിത രാഷ്ട്രങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്്. അതിനും താഴെ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യല്‍ ഓതറൈസേഷന്‍ വാങ്ങി വിവാഹം ചെയ്യാം. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന തീരുമാനമാണ് വേണ്ടത്. അവകാശ നിഷേധവും ധാര്‍മികാടിത്തറ ഇല്ലാതാക്കുന്നതുമാകും അത്തരത്തിലൊരു തീരുമാനം. പെണ്‍കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി ‘ലിവിംഗ് റിലേഷന്‍സ്’ കൂട്ടാനേ ഇതുപകരിക്കൂവെന്നും നൂര്‍ബിനാ റഷീദ് വ്യക്തമാക്കുന്നു. നേരത്തെ വിവാഹം പ്രായം കൂട്ടന്ന നടപടിക്കെതിരെ രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരുന്നു. വര്‍ഗീയത നിറഞ്ഞ പരാമര്‍ശത്തോടെയായിരുന്നു വിവാഹ പ്രായം കൂട്ടുന്നതിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.

സ്വാതന്ത്ര്യ ദിനത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേയ്ക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചത്. ഇതിനായി ഒരു കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ പെണ്‍വിവാഹ പ്രായത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മോഡി അറിയിച്ചിരുന്നു.

Exit mobile version