മീററ്റ്: കൊവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് തടഞ്ഞ് ബന്ധുക്കൾ കടത്തിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസ് ആക്രമിച്ച് രോഗിയെ കടത്തിക്കൊണ്ടുപോയത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച മോർണ സ്വദേശിയായ 20കാരിയെയാണ് ബന്ധുക്കൾ നാടകീയമായി കടത്തിക്കൊണ്ടുപോയത്.
നേരത്തെ, യുവതിക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർ അറിയിച്ചെങ്കിലും വീട്ടിൽ തന്നെ ഐസോലേഷനിലാക്കി ചികിത്സിച്ചാൽ മതിയെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാൽ ഡോക്ടർ ജില്ലാ ആശുപത്രിയിൽനിന്ന് ബേഗ് രാജ്പുരിലെ മെഡിക്കൽ കോളേജിലേക്ക് രോഗിയെ മാറ്റാൻ നിർദേശിക്കുകയായിരുന്നു. യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യാത്രയ്ക്കിടെ യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിരുന്നു. ഇതിനായി വാഹനം നിർത്തിയപ്പോഴാണ് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ആംബുലൻസ് ആക്രമിച്ചത്. ആംബുലൻസ് ഡ്രൈവറുടെയും അറ്റൻഡറുടെയും മൊബൈൽ ഫോണുകൾ ഇവർ പിടിച്ചുവാങ്ങി നശിപ്പിച്ചു.
പിന്നാലെ യുവതിയെ പുറത്തിറക്കാൻ ശ്രമിക്കുകയും തടയാൻശ്രമിച്ച ജീവനക്കാരെ മൂന്നംഗസംഘം മർദിക്കുകയും ചെയ്തു. ആംബുലൻസിന്റെ ചില്ലുകളും തകർത്തു. സംഭവത്തിൽ രോഗിയായ യുവതി അടക്കം നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, യുവതിയെ ബന്ധുക്കൾ എവിടേക്കാണ് കടത്തിക്കൊണ്ടുപോയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.
