ഇന്ത്യയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; വാക്‌സിൻ പരീക്ഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും പഠനം

ന്യൂഡൽഹി: രാജ്യത്ത് പടർന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവർത്തനം (മ്യൂട്ടേഷൻ) സംഭവിച്ചിട്ടില്ലെന്ന് പഠനം. കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ വാക്‌സിൻ പരീക്ഷണങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലർത്തുന്നതും പരിവർത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. വൈറസിനെ പറ്റി ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങൾ മുൻ നിർത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നേരത്തെ കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചതായി അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. വൈറസിനുണ്ടാകുന്ന ഇത്തരം പരിവർത്തനം വാക്‌സിൻ ഗവേഷണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വ്യാപിക്കുന്ന കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചിട്ടില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് വാക്‌സിൻ ഗവേഷണങ്ങൾ പ്രതീക്ഷ നൽകുന്നുവെന്നും പഠനത്തിൽ പറയുന്നു.

കൊവിഡ് 19 വൈറസിന്റെ 5000 ത്തിലധികം ജനിതക ശ്രേണികൾ ഉപയോഗിച്ചു നടത്തിയ പഠനത്തിലൊടുവിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസിന് പരിവർത്തനം സംഭവിച്ചതായി പറഞ്ഞത്. ഈ പരിവർത്തനത്തിന്റെ ഫലമായി വൈറസിന്റെ രോഗ വ്യാപന ശേഷി വർധിച്ചിരുന്നു. അമേരിക്കയിൽ കൊവിഡ് രോഗം കൂടുതൽ വ്യാപിക്കാൻ കാരണവും ഇത്തരം പരിവർത്തനമാണെന്നും ഇനിയും ഇത്തരം മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നുമായിരുന്നു പഠനഫലം.

Exit mobile version