പെണ്‍കുട്ടികളുടെ വിവാഹ പ്രായം; വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പരിശോധിക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ വിവാഹപ്രായം നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പെണ്‍മക്കളുടെ വിവാഹത്തിന് അനുയോജ്യമായ പ്രായം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ സുപ്രധാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ എപ്പോള്‍ തീരുമാനമെടുക്കുമെന്നും ചോദിച്ച് രാജ്യമെമ്പാടുമുള്ള സ്ത്രീകളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം തീരുമാനിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് 18, 21 എന്നിങ്ങനെയാണ് പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിവാഹപ്രായം. ഇതില്‍ നിന്നാണ് പ്രായം ഉയര്‍ത്തുന്നത്.

Exit mobile version