കോടതിയില്‍ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചെന്നൈ കോര്‍പ്പറേഷനോട് വീണ്ടും അഭ്യര്‍ത്ഥിക്കും; ഹൈക്കോടതി ശകാരിച്ചതിനു പിന്നാലെ രജനികാന്ത്

കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ രജനികാന്തിന് മദ്രാസ് ഹൈക്കോടതിയുടെ കടുത്ത ശകാരത്തിന് പിന്നാലെ പ്രതികരണവുമായി രജനികാന്ത്. കോടതിയില്‍ പോകാതെ നികുതി ഒഴിവാക്കണമെന്ന് ചെന്നൈ കോര്‍പ്പറേഷനോട് വീണ്ടും അഭ്യര്‍ത്ഥിക്കുമെന്നാണ് രജനികാന്തിന്റെ പ്രതികരണം.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് എതിരെയാണ് രജനികാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. സമയം പാഴാക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. കോടതി താക്കീത് നല്‍കിയതോടെ രജനികാന്ത് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചെലവ് സഹിതം പരാതി തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

രജനികാന്തിന്റെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പറേഷന്‍ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ മറ്റ് ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്ന് ജസ്റ്റിസ് അനിത സുമന്ത ചോദിച്ചിരുന്നു. പിന്നാലെയാണ് രജനികാന്തിന്റെ പ്രതികരണം.

Exit mobile version