വരുമാനമില്ല, നികുതി ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ച് രജനീകാന്ത്; ഇത്തരം പരാതികളുമായി വന്ന് വിലപ്പെട്ട സമയം കളയരുതെന്ന് കോടതി

ചെന്നൈ: തമിഴ് സിനിമ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. വരുമാനമില്ലാത്തതിനാല്‍ തന്റെ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രജനീകാന്ത് കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.

രജനീകാന്തിന്റെ ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് ചെന്നൈ കോര്‍പറേഷന്‍ ആറര ലക്ഷത്തിന്റെ നികുതി ചുമത്തിയിരുന്നു. ഈ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ലോകമെങ്ങും ബാധിച്ച കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും തനിക്ക് വരുമാനമില്ലെന്നും രജനീകാന്ത് പറഞ്ഞു. അതുകൊണ്ട് നികുതിയിളവ് നല്‍കണമെന്നും താരം പരാതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നാണ് കേസ് വാദിച്ച താരത്തിന്റെ വക്കീലിനോട് ജഡ്ജി പറഞ്ഞത്. പ്രോപ്പര്‍ട്ടി ടാക്സിന് പ്രോപ്പര്‍ട്ടിയില്‍ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ കോടതി ഇത്തരം കാര്യങ്ങള്‍ കോര്‍പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും വ്യക്തമാക്കി.

Exit mobile version