ഒരു രാത്രി മുഴുവൻ വയോധികനെ ജീവനോടെ മൊബൈൽ ഫ്രീസറിനകത്ത് കിടത്തി; മരണത്തിന്റെ വക്കിൽ നിന്നും രക്ഷിച്ച് അധികൃതർ

സേലം: വയോധികനും അവശനുമായയാളെ ഒരു രാത്രി മുഴുവൻ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറിൽ കിടത്തി ബന്ധുക്കൾ. ഒടുവിൽ 74 കാരനെ മൊബൈൽ ഫ്രീസറിന്റെ ഉടമയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാലസുബ്രഹ്മണ്യം എന്ന ആളെയാണ് ബന്ധുക്കൾ മൊബൈൽ മോർച്ചറിയായി ഉപയോഗിക്കുന്ന ഫ്രീസറിൽ കിടത്തിയത്.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലസുബ്രഹ്മണ്യത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷമാണ് ഫ്രീസറിൽ കിടത്തിയത്. ഒരു രാത്രി മുഴുവൻ ഇദ്ദേഹത്തിന് ഫ്രീസറിൽ കഴിയേണ്ടിവന്നു. സഹോദരനാണ് മരിക്കാനായി ഇദ്ദേഹത്തെ ഫ്രീസറിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്.

ഒരു ഏജൻസിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സഹോദരൻ തിങ്കളാഴ്ച രാവിലെ ഫ്രീസർ വാടകയ്‌ക്കെടുത്തത്. ബാലസുബ്രഹ്മണ്യം മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഫ്രീസർ ആവശ്യപ്പെട്ടത്. പിറ്റേന്ന് ഫ്രീസർതിരികെ കൊണ്ടുപോകാനായി ഏജൻസിയിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് ജീവനോടെ ബാലസുബ്രഹ്മണ്യത്തെ ഫ്രീസറിൽ കണ്ടത്. ഇദ്ദേഹം ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

ഇതേക്കുറിച്ച് ബന്ധുക്കളോട് ചോദിച്ചപ്പോൾ തങ്ങൾ അദ്ദേഹം മരിക്കാനായി കാത്തിരിക്കുകയായിരുന്നെന്നാണ് അവർ മറുപടി നൽകിയത്. മൊബൈൽ മോർച്ചറിയിൽ ജീവനോടെ കിടക്കുന്ന ബാലസുബ്രഹ്മണ്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനെതിരെ എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version