സര്‍ക്കാര്‍ ജോലി ആഗ്രഹിച്ച് കിട്ടാതെ മനംമടുത്ത ചെറുപ്പക്കാര്‍ക്ക് പ്രചോദനം ഈ യുവാവ്..! കാപ്‌സിക്കം കൃഷി ചെയ്ത് ലാഭിക്കുന്നത് 13 ലക്ഷം

പൂണെ: കട്‌വന്‍വാദി എന്ന ഗ്രാമം ഇപ്പോള്‍ വരള്‍ച്ചയില്ലാത്ത ഗ്രാമമെന്ന നിലയിലും പ്രസിദ്ധമാകുകയാണ്. കുടിവെള്ളം പോലും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഈ ഗ്രാമം എന്നാലിന്ന് നൂറോളം കൃഷിയാവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, മൂന്ന് ടാങ്കുകള്‍, 27 സിമന്റ് കൊണ്ടുനിര്‍മിച്ച ബണ്ടുകള്‍, മണ്‍ബണ്ടുകള്‍ എന്നിവയെല്ലാം ഗ്രാമത്തിലുണ്ട്. ഇതിനെല്ലാം നട്ടെല്ലായത് അധ്യാപകനായിരുന്ന ഭജന്‍ദാസാണ്. ഇദ്ദേഹത്തോട് ഗ്രാമം നന്ദി പറയുകയാണ്.

കൃഷിയോടും പ്രകൃതിയോടും സ്വന്തം ഗ്രാമത്തോടുമുള്ള സ്‌നേഹം സ്വന്തം മകനിലേക്കും ഭജന്‍ദാസ് പകര്‍ന്നുനല്‍കി. അച്ഛന്‍ പഠിപ്പിച്ച അതേ സ്‌കൂളിലാണ് വിജയ് റാവുവും പഠിച്ചത്. കാര്‍ഷികപഠനത്തില്‍ ബിരുദമെടുത്ത ശേഷം സര്‍ക്കാര്‍ ജോലിക്കായുള്ള ശ്രമത്തിലായിരുന്നു വിജയ്‌റാവു. പിഎസ്‌സി പരീക്ഷകള്‍ക്കായുള്ള പഠനമായിരുന്നു പിന്നീട്. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷവും വിജയ്‌റാവുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചില്ല. നിരാശനായി റാവു ഗ്രാമത്തിലേക്ക് മടങ്ങി. കുറച്ചുകാലം ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു.

പരമ്പരാഗത രീതിയില്‍ കൃഷി ചെയ്താല്‍ ലാഭമുണ്ടാകില്ലെന്ന് വിജയ് റാവുവിന് ഉറപ്പുണ്ടായിരുന്നു. പോളിഹൗസ് ഫാമിങ്ങിനെ കുറിച്ച് അയാള്‍ പഠിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, ബിരുദമുണ്ടെന്നല്ലാതെ കൃഷി ചെയ്ത യാതൊരു പരിചയവും വിജയ് റാവുവിന് ഇല്ലായിരുന്നു. അതുപോലെ പഠനവും പ്രായോഗികമായ കൃഷി ചെയ്യലും രണ്ടാണെന്നും വിജയ് റാവുവിന് ബോധ്യമുണ്ടായിരുന്നു. ”എന്റെ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആള്‍ പറഞ്ഞിരുന്നത്, താനൊരിക്കലും ചേറിലിറങ്ങി കൃഷി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലെന്നാണ്.” വിജയ് റാവു പറയുന്നു.

പക്ഷെ, ഇതൊന്നും വിജയ് റാവുവിന് തടസമായില്ല. ആ ചലഞ്ച് ഏറ്റെടുക്കാന്‍ തന്നെ വിജയ് റാവു തീരുമാനിച്ചു. നമ്മള്‍ പഠിച്ചത് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പഠനം പൂര്‍ത്തിയാവുന്നുള്ളൂ എന്നാണ് അയാളുടെ പക്ഷം. അതുരണ്ടും ചേരുമ്പോള്‍ പുതിയ കാലത്തെ കൃഷി വിജയകരമാകുമെന്നും അദ്ദേഹം പറയുന്നു. അതു തന്നെയാണ് വിജയ് റാവുവും ചെയ്തത്. പൂനെയിലെ ഹോര്‍ട്ടികള്‍ച്ചര്‍ ട്രെയിനിങ് സെന്ററില്‍ ഒരാഴ്ചത്തെ കൃഷിപരിശീലനത്തിലും പങ്കെടുത്തു അയാള്‍. അതിനുശേഷം നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ലോണിനും അപേക്ഷിച്ചു. ലോണ്‍ അനുവദിച്ച് കിട്ടിയതോടെ ഒരു ഏക്കര്‍ സ്ഥലത്ത് പോളിഹൌസ് സജ്ജമാക്കി. 2018 ഫെബ്രുവരിയിലായിരുന്നു ഇതെല്ലാം. പത്ത് ലക്ഷം രൂപ മണ്ണ്, കയര്‍ തുടങ്ങിയവ വാങ്ങാനും ചെലവഴിച്ചു. കാപ്‌സിക്കമാണ് കൃഷി ചെയ്തത്. അത് വിജയിച്ചു. കൂടുതല്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനും തീരുമാനിച്ചു. ഏപ്രിലോട് കൂടി 3540 കിലോ വരെ വിളവ് കിട്ടി.

അന്ന് അത് അത്ര ലാഭകരമായ വിളവ് ആയിരുന്നില്ല. ഇന്ന് കിലോയ്ക്ക് 170 രൂപ വച്ച് കിട്ടുന്നു. ദില്ലിയിലേക്കും മുംബൈയിലേക്കും കൂടി പച്ചക്കറി കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ 10 മാസമായി 13 ലക്ഷം രൂപ വരെ വിജയ് റാവുവിന് ലഭിച്ചു. ഇതില്‍ തൃപ്തി തോന്നിയ ഗവണ്‍മെന്റില്‍ നിന്നും ആളുകളെത്തി കൃഷി പരിശോധിച്ചു. വിജയ് റാവുവിന് 18 ലക്ഷം രൂപ സബ്‌സിഡിയും നല്‍കി. ആദ്യം ഒരു പോളിഹൗസ് ഉണ്ടാക്കുന്നത് ലാഭകരമായി തോന്നില്ല. പക്ഷെ, പിന്നീട് നല്ലൊരു തുക ലാഭം കിട്ടാന്‍ തുടങ്ങുമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

ജൈവവളവും രാസവളവും ആനുപാതികമായാണ് ഉപയോഗിക്കുന്നതെന്നും വിജയ് റാവു പറയുന്നു. മാറിമാറി വരുന്ന കാലാവസ്ഥയില്‍ നിന്നും കൃഷിയെ രക്ഷിക്കാനും പോളിഹൗസ് ഫാര്‍മിങ് സഹായിക്കുമെന്നും വിജയ് റാവു പറയുന്നുണ്ട്. ഏതായാലും വിജയ് റാവുവിന്റെ കൃഷിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പലരും ഉപദേശവും വിവരവും തേടി അയാളുടെ അടുത്ത് എത്തുകയും കൃഷി തുടങ്ങുകയും ചെയ്യുന്നുണ്ട്.

Exit mobile version