ബാങ്കിൽ നിന്നും 20 ലക്ഷം കവർന്ന 11 വയസുകാരൻ ‘ചെറിയ പുള്ളിയല്ല’; കരാർ എടുത്ത് മോഷണം നടത്തൽ പതിവ്; ഞെട്ടി പോലീസ്

ചണ്ഡീഗഢ്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ധിലെ ശാഖയിൽ നിന്നും 20 ലക്ഷം കവർന്ന പതിനൊന്നുകാരൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കുട്ടി അറിവില്ലായ്മ കൊണ്ട് മോഷ്ടിച്ചതല്ലെന്നും കരാർ എടുത്ത് മോഷണം നടത്തലാണ് ഈ പ്രായത്തിൽ കുട്ടിയുടെ ‘തൊഴിൽ’ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മോഷണത്തിന് മുമ്പ് രണ്ട് ലക്ഷം വരെ അഡ്വാൻസ് തുകയായി കൈപ്പറ്റുന്നതാണ് കുട്ടി കള്ളന്റെ പതിവെന്നും

കുട്ടിയെ ഹിസാറിലെ ദുർഗുണ പരിഹാര പാഠശാലയിൽ താമസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. 11കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സെപ്റ്റംബർ 28നാണ് ജിന്ധിലെ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 20 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ബാങ്ക് അടക്കുന്നതിന് തൊട്ടുമുമ്പാണ് പണം നഷ്ടമായ വിവരം ജീവനക്കാരറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്യാഷ് കൗണ്ടറിൽനിന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ആരുടേയും കണ്ണിൽപ്പെടാതെ പണവുമായി മുങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിൽ 11കാരനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പോലീസിന് ലഭിച്ചത്. ലൊഹാരു ടൗണിലെ മറ്റൊരു ബാങ്കിൽനിന്ന് ഇതേരീതിയിൽ ആറ് ലക്ഷം രൂപ മോഷ്ടിച്ചതായി കുട്ടി വെളിപ്പെടുത്തി. കരാറെടുത്ത് മോഷണം നടത്തുന്ന ഈ കുട്ടി ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം വരെ അഡ്വാൻസ് വാങ്ങും. മോഷണത്തിനിടെ പിടിക്കപ്പെട്ടാൽ കരാർ നൽകുന്നവർ എല്ലാ ചിലവുകളും ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നിരവധി മോഷണങ്ങളാണ് പ്രൊഫഷണൽ മോഷ്ടാവായ 11കാരൻ നടത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

കേസിലെ പ്രധാന പ്രതികളായ 11കാരന്റെ അമ്മാവനും പിതാവും ഒളിവിലാണ്. ഇവരെ പിടികൂടാനായി മധ്യപ്രദേശിലെ കാഡിയ ഗ്രാമത്തിൽ ഹരിയാണ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഫലംകണ്ടില്ല. കുറ്റവാളികളുടെ താവളമായ കാഡിയ ഗ്രാമത്തിലേക്ക് തന്നെ അഞ്ച് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രവേശിക്കാനായത്. പോലീസ് പരിശോധന ആരംഭിച്ചതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽപോയ പ്രതികൾക്കായി മധ്യപ്രദേശ് പോലീസുമായി സഹകരിച്ച് അന്വേഷണം തുടരുകയാണ്.

Exit mobile version